Thursday, May 15, 2014

ഒരു പേനയുടെ കഥ, നമ്മുടെയും!

ഒരിടത്തൊരിടത്തൊരു പേന ഉണ്ടായിരുന്നു. നിരവധി സാഹിത്യ സൃഷ്ടികളും ധാർമ്മിക വചനങ്ങളും തന്നിലൂടെ അനശ്വരമാവുന്നത് കണ്ടു ഒരുപാട് സന്തോഷിച്ച പേന.എഴുത്തുകാരന് പേനയെ വലിയ ഇഷ്ടമായിരുന്നു. അയാൾ അതിനെ എപ്പോഴും തന്റെ കീശയിൽ  കൊണ്ട് നടന്നു.ഓരോ രചനയുടെയും അവസാനം അയാള് അതിനെ ചുംബിച്ചു.നന്നായി പരിപാലിച്ചു.

 പിന്നീടെപ്പോഴോ പേനക്ക് താൻ വലിയവനാണെന്ന് തോന്നൽ വന്നു.
ഞാൻ ഒരു സംഭവം തന്നെ!! എന്റെ മുന ചലിക്കാത്ത കടലാസ് താളുകൾക്ക് എന്തു വില? എന്നിലൂടെ അല്ലാതെ എഴുത്തുകാരൻ എങ്ങനെ ആശയ വിനിമയം നടത്തും?? സാഹിത്യ ലോകത്തിന്റെ ആധാര ശില തന്നെ ഞാനല്ലേ? പക്ഷേ , അർഹമായ സ്ഥാനം എനിക്ക്  കിട്ടിയിട്ടുണ്ടോ? പേന ചിന്തിച്ചു. പുരസ്കാരങ്ങൾ മുഴുവനും സാഹിത്യകാരന്. എന്തിനു, കടലാസ് താളുകൾക്ക് പോലും പുസ്തകം ആയാൽ മെച്ചപ്പെട്ട പരിഗണന കിട്ടുന്നു. ഇതങ്ങനെ വിട്ടാൽ പറ്റില്ല. നാളെ മുതൽ ഞാൻ പണി മുടക്കുന്നു.

പിറ്റേന്ന് പേന പണി മുടക്കി. മുനയിലേക്ക് മഷി നൽകാതെ അവൻ പ്രതിഷേധിച്ചു. എഴുത്തുകാരൻ എത്ര ശ്രമിച്ചിട്ടും എഴുതാൻ കഴിഞ്ഞില്ല. അയാളുടെ ഉള്ളിൽ തിങ്ങി നിറഞ്ഞ ആശയങ്ങൾ പുറത്തേക്കൊഴുകാൻ തിരക്ക് കൂട്ടി. ഗത്യന്തരമില്ലാതെ അയാൾ മേശക്കുള്ളിൽ നിന്നും മറ്റൊരു പേന എടുത്ത് എഴുത്ത് തുടങ്ങി.
പാവം പഴയ പേന എന്തോ പറയാൻ ശ്രമിച്ചു.തനിക്ക് എഴുത്തുകാരന്റെ  സഹായമില്ലാതെ ഒന്ന് മിണ്ടാൻ പോലും പറ്റില്ലെന്ന് ഒരു ഞെട്ടലോടെ അവൻ തിരിച്ചറിഞ്ഞു. ഇത് തനിക്കറിയാമായിരുന്ന, എന്നാൽ മറന്നു പോയ സത്യം.

സത്യത്തിന്റെ ശക്തിയും,കുളിർമ്മയുള്ള പ്രകാശം പേനയുടെ ബുദ്ധിയെ മറച്ചിരുന്ന അജ്ഞാനത്തെ ഇല്ലാതാക്കി. ബോധോദയം വന്ന അവൻ തെളിവോടെ ചിന്തിക്കാൻ തുടങ്ങി.

 താനും കടലാസും മഷിയും എല്ലാം ഒരു സാഹിത്യ സൃഷ്ടിയിൽ ഒരേ പോലെ പങ്കു വഹിക്കുന്നവരാണെന്നും വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരും ഒന്നായി നിന്ന് പ്രവർത്തിക്കുമ്പോൾ ആണ് ഒരു അനശ്വര സൃഷ്ടി പിറക്കുന്നതെന്നും അവൻ തിരിച്ചറിഞ്ഞു. തന്റെ ഉടമയും ഈ ശൃംഖലയിലെ  ഒരു കണ്ണി മാത്രം ആണ്. തങ്ങളിലൂടെ ഒഴുകി ഇറങ്ങുന്ന സാഹിത്യം എന്താണെന്നു അവൻ ചിന്തിച്ചു. താൻ ഇത് വരെ അത് കണ്ടിട്ടില്ലല്ലോ. രൂപമോ മണമോ നിറമോ ഇല്ലാത്ത എന്തോ ഒന്ന്. തങ്ങളെ എല്ലാം ഒന്നിച്ചു നിർത്തുന്ന, എന്നാൽ തങ്ങളിൽ നിന്നെല്ലാം വേറിട്ട്‌ നിൽക്കുന്ന ഒന്ന്. തങ്ങൾക്കെല്ലാം നിലനില്പ് നല്കുന്ന, തങ്ങളിലൂടെ ഒഴുകിക്കൊണ്ടിരുന്ന ഈ സർവ സാധാരണമായ സംഗതി, ആരും കണ്ടിട്ടോ കേട്ടിട്ടോ ഇല്ലെന്ന്  പേന അത്ഭുതത്തോടെ ഓർത്തു. ആർക്കും നിർവചിക്കാൻ സാധിക്കാത്ത അതിനെ അജ്ഞാനം അകന്ന, പ്രശാന്തമായ മനസ്സിൽ ധ്യാനത്തിലൂടെ പേന അനുഭവിച്ചു.

ബുദ്ധനായി മാറിയ പേന ഇപ്പോൾ വീണ്ടും സന്തുഷ്ടനാണ്. ശാന്തിയും ആനന്ദവും അറിവും തീർത്ത പ്രഭാവലയം അവന് ചുറ്റുമുണ്ട്‌. പ്രപഞ്ച സൃഷ്ടിയിൽ തന്റെ രണ്ടാമൂഴത്തിനായി അവൻ കാത്തിരിക്കുന്നു.



Pen picture created by Starline - Freepik.com

No comments:

Post a Comment