വാരാന്ത്യം എങ്ങനെ ചിലവഴിച്ചു എന്ന് ഒരു സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഞെട്ടിപ്പിക്കുന്നതായിരുന്നു. അദ്ദേഹം സകുടുംബം ഒരു ഫാം ഹൌസിൽ പോയത്രേ. അവിടുത്തെ സവിശേഷത സ്വൈര വിഹാരം നടത്തുന്ന ആട് മുതലായ മൃഗങ്ങളെ സ്വയം തിരഞ്ഞെടുത്ത് കൊല്ലാം എന്നതാണ്. കുട്ടികളേയും കൂട്ടി അവിടെ പോയത് എന്തിനാണെന്ന് ചോദിച്ചപ്പോൾ ആ ഭീകര ദൃശ്യം കാണുന്നത് അവരെ കൂടുതൽ ശക്തരാക്കുമെന്ന് മറുപടി കിട്ടി. ഇതേ ആവശ്യത്തിനു ധാരാളം പേർ അവിടെ എത്താറുണ്ടത്രേ. കെട്ടിയിട്ടു സാധു മൃഗങ്ങളെ കൊല്ലുന്നതോ അത് കാണുന്നതോ എന്ത് ഗുണമാണ് കുഞ്ഞുങ്ങളിൽ ഉണ്ടാക്കുക?
'കണ്ണിൽ ചോര' ഇല്ലാത്ത ഒരു പുതു തലമുറയെ സൃഷ്ടിക്കാം. കുഞ്ഞുങ്ങളിലെ സഹജമായ ദയയും കാരുണ്യവും നേരത്തെ ഉറവ വറ്റിക്കാം. പ്രാണഭയമുള്ള കണ്ണുകളെ അവഗണിക്കാനും ഒരു പക്ഷെ അതിൽ ഹരം കൊള്ളാനും അവരെ പരിശീലിപ്പിക്കാം.ശക്തി എന്നത് ദുർബ്ബലരെ ഉപദ്രവിക്കൽ ആണെന്ന് തെറ്റായ ഒരു ധാരണ ചെറുപ്പത്തിലേ നല്കാം. മറ്റെന്താണ് ഈ വിഡ്ഢിത്തം നല്കാൻ പോകുന്നത്?
ഇത്തരം ഹീന കൃത്യങ്ങൾ ശക്തന്മാരെ സൃഷ്ടിക്കുമോ? എങ്കിൽ ലോകത്തേറ്റവും ശക്തന്മാർ അറവുകാർ ആവുമായിരുന്നില്ലേ.
യഥാർത്ഥത്തിൽ ശക്തി എന്നത് ഏതു പ്രതിസന്ധിയിലും തളരാതെ പിടിച്ചു നിൽക്കാനുള്ള മന:ശക്തി ആണ്. എന്തും ത്യജിച്ചും, ജീവൻ തന്നെ തൃണവൽഗണിച്ചും ധർമ്മ മാർഗത്തിൽ ചരിക്കുകയാണ്. പ്രലോഭനങ്ങളെ അതിജീവിക്കുകയും തിന്മയുടെ കുത്തൊഴുക്കിൽ ലോകം മുഴുവൻ ഒഴുകി വന്നാലും അതിനെതിരെ നീന്തി കയറുകയുമാണ്
സമീപ കാല ചരിത്രത്തില ഇന്ത്യ കണ്ട ഏറ്റവും കരുത്തൻ എന്ന് ഞാൻ കരുതുന്നത് മഹാത്മാ ഗാന്ധിയെ ആണ്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ ഒരു തുള്ളി ചോര ചിന്താതെ മുട്ടു കുത്തിച്ച അർദ്ധ നഗ്നനായ ഫക്കീറിനു ഉരുക്ക് മുഷ്ടികളോ ആയുധങ്ങളോ ഉണ്ടായിരുന്നില്ല. കായിക ശക്തിയിലും ആയുധ ശക്തിയിലും വിശ്വസിച്ച പലരും പാതി വഴിയിൽ ചിറകറ്റു വീണപ്പോഴും അദ്ദേഹത്തെ ലക്ഷ്യത്തിൽ എത്തിച്ചത് ജ്വലിക്കുന്ന ആത്മീയ ശക്തിയാണ്. അത് അദ്ദേഹത്തിന് പ്രദാനം ചെയ്തത് ഭഗവദ് ഗീതയും, സത്യ ധർമങ്ങളിൽ അടിയുറച്ച ജീവിതാനുഭവങ്ങളും ആണ്.
ഒട്ടേറെ എതിർപ്പും പ്രയാസങ്ങളും മറി കടന്ന് ഭാരതത്തിന്റെ യശ്ശസ്സ് പാശ്ചാത്യ ലോകത്ത് ഉയർത്തിയ സ്വാമി വിവേകാനന്ദനും മറ്റനവധി മഹദ് വ്യക്തികളും തങ്ങളുടെ ജീവിതം കൊണ്ട് നൽകിയ സന്ദേശം എന്തേ നാം ഉൾക്കൊള്ളുന്നില്ല ?
No comments:
Post a Comment