Saturday, October 6, 2018

വാഴയും മരവാഴയും

തേന്മാവിന്റെ ചില്ലയിൽ ഇരുന്നു താഴേക്ക് നോക്കിയ മരവാഴ, താഴെ നിൽക്കുന്ന വാഴയോടു പറഞ്ഞു.
 നീ എന്തിനാണ് ആ മണ്ണിൽ നിൽക്കുന്നത് ? വേരുകൾ പൊട്ടിച്ചു മാറ്റി ഇങ്ങു മുകളിൽ വന്നു കൂടെ? ഇവിടെ കന്നുകാലികളുടെയും കിളികളുടെയും ശല്യം ഇല്ല. ചെളിയും മണ്ണും ഇല്ല. ഇങ്ങു ഉയരത്തിൽ  നിന്ന് എല്ലാം കൂടുതൽ നന്നായി കാണാം .
വേരുകൾ കെട്ടുപാടുകൾ ആണ്. പൊട്ടിച്ചെറിയാൻ ആദ്യ അൽപം പ്രയാസം ആവും.  എന്നാൽ ഒരിക്കൽ അത് ചെയ്താൽ പുതിയവ, വായുവിൽ നിന്ന് ജീവ ജലം എടുക്കാൻ കെല്പുള്ളവ, മുളച്ചു കൊള്ളും .
അകെ ഉള്ള ഒരു ജീവിതം ഇങ്ങനെ കഷ്ടപ്പെട്ട് ജീവിച്ചു തീർക്കണോ ? മണ്ടത്തരം കാണിക്കാതെ കയറി വരൂ.


വാഴ മുകളിലേക്ക് നോക്കി മന്ദഹസിച്ചു കൊണ്ട് പറഞ്ഞു.
നന്ദി സ്നേഹിതാ, ഈ വേരുകൾ എനിക്ക് ബന്ധനം അല്ല. എന്റെ ശരീരത്തിന്റെ ഭാഗം ആണ്. ഭൂമി ദേവിയുമായുള്ള എന്റെ പൊക്കിൾകൊടി ബന്ധം. 'അമ്മ എന്നെ ആലിംഗനം ചെയ്യുന്നതും എന്നെ ഊട്ടുന്നതും ഈ വേരുകളിലൂടെ ആണ്. എന്നെ ഞാൻ ആക്കിയതും, നിലനിർത്തുന്നതും ഈ വേരുകൾ ആണ്.

പിന്നെ, കന്നുകാലികളും കിളികളും എന്റെ സഹോദരങ്ങൾ തന്നെയാണ്. എനിക്കുള്ളതിൽ  കുറച്ചു അവർക്കു കൂടെ നല്കാൻ എനിക്ക് സന്തോഷമേ ഉള്ളൂ. ഞാൻ അങ്ങ് മുകളിൽ വന്നാൽ ചിത്ര ശലഭങ്ങളും തുമ്പികളും തേൻ തേടി വിഷമിക്കില്ലേ. പൂവാലി പശുവിന്റെ കുറുമ്പൻ കുട്ടന്റെ വികൃതികൾ എനിക്കും നഷ്ടമാവില്ലേ. നിന്നെ പോലെ ഞാൻ എന്നിലേക്ക്‌ തന്നെ ചുരുങ്ങി പോവില്ലേ?
 അതുകൊണ്ടു ഞാൻ ഇവിടെ  എന്റെ ഈ കൊച്ചു സ്വർഗത്തിൽ , ചില്ലറ കഷ്ടപ്പാടുകൾ ഒക്കെ ആയി കഴിഞ്ഞോളാം.

അന്ന് ആദ്യമായി മരവാഴക്ക് അവൻ സ്വയം തീർത്ത മായാലോകം വിട്ടു മണ്ണിലേക്കിറങ്ങാൻ കൊതിയായി.