"അണ്ണാന്‍ കുഞ്ഞും തന്നാലായത് "
ഈ പഴം ചൊല്ല് കേള്‍ക്കാത്ത മലയാളികള്‍ വിരളമായിരിക്കും. എത്ര എളിയവര്‍ക്കും അവരവരെ കൊണ്ട് സാധിക്കുന്ന കര്‍മങ്ങള്‍ ചെയ്യാന്‍ പ്രചോദനം നല്‍കുന്ന ഈ വരികള്‍ക്ക് പിന്നില്‍
രാമായണത്തെ ആസ്പദമാക്കിയുള്ള മനോഹരമായ ഒരു കഥയുണ്ട്. പണ്ട് ശ്രീരാമ ചന്ദ്രന്‍ സീതാ ദേവിയെ വീണ്ടെടുക്കാന്‍ ലങ്കയിലേക്ക് പോവാന്‍ തീരുമാനിച്ച സമയത്ത്, കടല്‍ കടക്കാന്‍ ഉള്ള മാര്‍ഗങ്ങള്‍ ആരായുകയും ചിറ കെട്ടി സൈന്യ സമേതം ലങ്കയിലെത്താമെന്നു തീരുമാനിക്കുകയും ചെയ്തല്ലോ. വാനരന്മാരുടെ സഹായത്തോടെ ചിറ കെട്ടി തുടങ്ങി. മാര്‍ഗ നിര്‍ദേശങ്ങളുമായി ശ്രീ രാമചന്ദ്രന്‍ മേല്‍നോട്ടം വഹിച്ചു നടക്കുമ്പോള്‍ അദ്ദേഹം കൌതുകകരമായ ഒരു കാഴ്ച കണ്ടു. ഒരു അണ്ണാന്‍ കുഞ്ഞ് കടല്‍ തിരയില്‍ മുങ്ങുകയും തിരികെ മണലില്‍ കിടന്നു ഉരുളുകയും വീണ്ടും തിരയില്‍ മുങ്ങി ശരീരത്തില്‍ പറ്റിയ മണല്‍തരികള്‍ കടലില്‍ കളയുകയും ചെയ്യുന്ന്നു.
പല തവണ ഈ കാഴ്ച കണ്ടപ്പോള്‍ സ്നേഹ സ്വരൂപനായ അദ്ദേഹം വാത്സല്യത്തോടെ ആ അണ്ണാന്‍ കുഞ്ഞിനെ വാരിയെടുത്ത് എന്താണ് നീ ചെയ്യുന്നതെന്ന് ചോദിച്ചു. താനും ചിറയുടെ പണിയില്‍ പങ്കു ചേരുകയാണെന്ന് പറഞ്ഞപ്പോള്‍ സന്തോഷത്തോടെ അതിനെ തലോടുകയും അനുഗ്രഹങ്ങള്‍ നല്‍കി തിരികെ അയക്കുകയും ചെയ്തു.
ഈ കഥ നല്‍കുന്ന സന്ദേശം എത്ര വലുതാണ്.
നമുക്കെല്ലാം സ്വന്തം കഴിവില്‍ വിശ്വാസം കുറവല്ലേ?
വലിയ വലിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരുമ്പോള്‍ എന്നെ കൊണ്ട് എന്താവാന്‍ എന്ന് ചിന്തിച്ചു പലപ്പോഴും പിന്‍ വാങ്ങാറില്ലെ?
കഥയിലെ അണ്ണാന്‍ കുഞ്ഞിനു തന്റെ പരിമിതമായ ശക്തി കൊണ്ട് എത്ര മാത്രം ദൂരം ചിറ കെട്ടാന്‍ സാധിച്ചു എന്ന് നമുക്കറിയില്ല. വളരെ കുറച്ചേ സാധിച്ചിരിക്കുള്ളൂ.
എങ്കിലും ആ സന്നദ്ധതയും ഉദ്ദേശ ശുദ്ധിയും എത്രയോ ശക്തന്മാരായ വാനരന്മാരെ സ്വാധീനിച്ചിട്ടുണ്ടാവാം? ഇന്നും സ്വാധീനിക്കുന്നില്ലേ?
നമ്മുടെ ചെറുതായ പ്രവൃത്തികള്‍ക്ക് പോലും വളരെ വലിയ ഫലം ഉണ്ടാവാം. പരിമിതമായ ബുദ്ധി വച്ച് അത് അറിയാന്‍ വിഷമമാണെന്ന് മാത്രം.
അതുകൊണ്ട് തന്നെ ഫലത്തെ പറ്റി ചിന്തിക്കാതെ ശുദ്ധവും നന്മയിലൂന്നിയതുമായ കര്‍മങ്ങള്‍ ഭയലേശമേന്യേ അനുഷ്ഠിക്കാന്‍ ഈ കഥ നമുക്ക് ഉണര്‍വേകട്ടെ.
No comments:
Post a Comment