Friday, May 30, 2014

നമുക്ക് മൃഗങ്ങളാകാം

സമീപ കാലത്ത് മനസ്സിനെ പിടിച്ചുലച്ച ചില പത്ര വാർത്ത‍കളാണ് ഈ കുറിപ്പിന് ആധാരം. മനസ്സിനുള്ളിൽ കനലായെരിയുന്ന, ഓർക്കാനാഗ്രഹിക്കാത്ത അനവധി ചിത്രങ്ങളിൽ ചിലത് ചുവടെ കൊടുക്കുന്നു.

1) ഒരിക്കലും ലഭിക്കാനിടയില്ലാത്ത 'സ്വർഗ്ഗ തുല്യ' ജീവിതം സ്വപ്നം കണ്ട്, 3 വയസ്സുള്ള തന്റെ കുഞ്ഞിനെയും ഒപ്പം ബന്ധുക്കളെയും ഇല്ലാതാക്കാൻ, കാമുകന് സഹായം ചെയ്ത ഒരുവൾ.
മറു പുറത്ത് കാമുകിക്ക് വിസ്മയ സമ്മാനമായി അവളുടെ കുഞ്ഞിന്റെ, ശിരസ്സു സമർപ്പിച്ച ഒരു നികൃഷ്ട ജീവി.

2) കാലിൽ കെട്ടിപ്പിടിച്ച് തേങ്ങുന്ന പിഞ്ചു കുഞ്ഞിനെ കിണറ്റിലെറിഞ്ഞ്, സ്വപ്ന തീരം
തേടാനിറങ്ങിയ മറ്റൊരുവൾ.

3) സ്നേഹിച്ചു വിവാഹം കഴിച്ച ഭർത്താവിനെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ ഒരുവൾ, മറു വശത്ത് നിരാശ കൊണ്ടോ പ്രതികാരം കൊണ്ടോ എന്നറിയില്ല, സ്വന്തം കുഞ്ഞുങ്ങളെ കൊന്നു സ്വയം മരിക്കാൻ ശ്രമിച്ച ഒരുവൻ.

അമ്മ എന്നോ അച്ഛൻ  ഇവരെ വിശേഷിപ്പിച്ച് ആ പദങ്ങൾ മലിനമാക്കുന്നില്ല. തന്നെ അല്ല, അത് അവർ അർഹിക്കുന്നില്ല.

ഇനിയുമുണ്ട് നിരവധി.
51 വെട്ടേറ്റ, ഇന്നും നീതി ലഭിക്കാത്ത, ഒരു മുഖം. വിടരും മുൻപേ കശക്കി എറിയപ്പെട്ട നിരവധി പിഞ്ചു കുഞ്ഞുങ്ങൾ , സ്വന്തം അച്ഛനിൽ നിന്നും ഗര്ഭം ധരിക്കുമോ എന്ന് ഭയന്ന് ജീവിക്കുന്ന പെണ്‍ കുട്ടികൾ

പുറത്തറിയാത്ത എത്രയോ ഇരകൾ വേറെ ഉണ്ടാവും?

വർത്തമാന പത്രത്തിൽ നിന്ന് മടുപ്പോടെ മുഖം തിരിച്ചപ്പോൾ കണ്ടത് ഒരു കുഞ്ഞു പൂച്ചയെ
Photo by: © virgonira
കടിച്ചെടുത്ത്  ഓടുന്ന അമ്മപ്പൂച്ചയെ ആണ്. ഒരു പക്ഷെ തന്റെ കുഞ്ഞിനെ സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റുകയാവാം. വീട്ടിലെ തൊഴുത്തിൽ പശുക്കുട്ടിയെ പുറത്തേക്ക്‌ ഇറക്കുന്പോൾ അസ്വസ് ഥയായ് നിരത്താതെ കരയുന്ന തള്ളപ്പശു. കുഞ്ഞിനു തീറ്റ തേടി കൊടുക്കുന്ന പക്ഷികൾ. മാതൃത്വം, സ്നേഹം ഇതൊക്കെ ഇപ്പോഴും ഈ സാധു ജീവികളിൽ ഇപ്പോഴും ഒരു കുറവുമില്ലാതെ നില നിൽക്കുന്നു. മനുഷ്യൻ മാത്രമെന്താണ്  ഇങ്ങനെ?

 ബുദ്ധിയില്ലാത്ത ഈ മിണ്ടാപ്രാണികളിൽ പോലും ആരും പഠിപ്പിക്കാതെ തന്നേ തലമുറകളായി ഈ സദ്‌ ഗുണങ്ങളെല്ലാം ഉണ്ടെങ്കിൽ ഇരു കാലി  മൃഗങ്ങളായ നമ്മളിലും തീർച്ചയായും  ഉണ്ടാവും. ശാന്തി, സ്നേഹം, ശക്തി, പരിശുദ്ധി , ആനന്ദം ഇവ എല്ലാ ശിശുക്കളിലും ഉണ്ട്. നമ്മുടെ സ്വതസിദ്ധമായ ഈ ഗുണങ്ങൾ ഒരിക്കലും നഷ്ടമാവുന്നുമില്ല. വളരുന്പോൾ നമ്മുടെ ബുദ്ധിയും ഓർമ്മയും നമുക്ക് ചുറ്റും ഒരു മിഥ്യാ ലോകം സൃഷ്ടിക്കുന്നു. പണവും കാമവും ആണ് സന്തോഷം എന്ന ഒരു തെറ്റായ തോന്നൽ നമ്മിൽ ഉറച്ചിരിക്കുന്നു. സാമൂഹിക വ്യവസ്ഥ നല്കുന്ന സ്വാതന്ത്ര്യവും, സാങ്കേതിക വിദ്യ പ്രദാനം ചെയ്യുന്ന സൌകര്യങ്ങളും അവയ്ക്ക് വേണ്ടി ഏതറ്റം വരെ പോകാനും നമ്മെ പ്രാപ്തരാക്കുന്നു.
ധാർമ്മിക ബോധവും അന്തസ്സും ഓരോ വ്യക്തിയിലും ഉണ്ടാവുമ്പോൾ മാത്രമേ ഈ സ്ഥിതിക്ക് മാറ്റം ഉണ്ടാവുകയുള്ളൂ.

ഇന്നത്തെ പരിതസ്ഥിതിയിൽ കേരളീയർ ധാർമിക മൂല്യമുള്ള മനുഷ്യരാവണമെന്ന് ആഗ്രഹിക്കുന്നത് അതിമോഹം ആവും. കാരണം ആസക്തി നിറഞ്ഞ ഇന്ദ്രിയങ്ങൾക്കും , അജ്ഞാനം നിറഞ്ഞ മനസ്സുകൾക്കും പിന്നിൽ, എവിടെയോ നമുക്ക് നമ്മെ നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. പകരം നന്മയിലേക്കുള്ള ആദ്യ പടിയായി മൃഗങ്ങളായിക്കൂടെ?
മുകളിൽ പറഞ്ഞ പോലെ, സഹജ ഗുണങ്ങൾ നഷ്ടപ്പെടുത്താത്ത, ആവശ്യത്തിനു മാത്രം സംഭരിച്ചു വച്ച് ബാക്കി സഹ ജീവികള്ക്കു നൽകുന്ന, നിഷ്കളങ്കത നഷ്ടപ്പെടുത്താത്ത ഇരുകാലി മൃഗങ്ങൾ ?


Note : Images used are not this blog's properties. 

Thursday, May 15, 2014

ഒരു പേനയുടെ കഥ, നമ്മുടെയും!

ഒരിടത്തൊരിടത്തൊരു പേന ഉണ്ടായിരുന്നു. നിരവധി സാഹിത്യ സൃഷ്ടികളും ധാർമ്മിക വചനങ്ങളും തന്നിലൂടെ അനശ്വരമാവുന്നത് കണ്ടു ഒരുപാട് സന്തോഷിച്ച പേന.എഴുത്തുകാരന് പേനയെ വലിയ ഇഷ്ടമായിരുന്നു. അയാൾ അതിനെ എപ്പോഴും തന്റെ കീശയിൽ  കൊണ്ട് നടന്നു.ഓരോ രചനയുടെയും അവസാനം അയാള് അതിനെ ചുംബിച്ചു.നന്നായി പരിപാലിച്ചു.

 പിന്നീടെപ്പോഴോ പേനക്ക് താൻ വലിയവനാണെന്ന് തോന്നൽ വന്നു.
ഞാൻ ഒരു സംഭവം തന്നെ!! എന്റെ മുന ചലിക്കാത്ത കടലാസ് താളുകൾക്ക് എന്തു വില? എന്നിലൂടെ അല്ലാതെ എഴുത്തുകാരൻ എങ്ങനെ ആശയ വിനിമയം നടത്തും?? സാഹിത്യ ലോകത്തിന്റെ ആധാര ശില തന്നെ ഞാനല്ലേ? പക്ഷേ , അർഹമായ സ്ഥാനം എനിക്ക്  കിട്ടിയിട്ടുണ്ടോ? പേന ചിന്തിച്ചു. പുരസ്കാരങ്ങൾ മുഴുവനും സാഹിത്യകാരന്. എന്തിനു, കടലാസ് താളുകൾക്ക് പോലും പുസ്തകം ആയാൽ മെച്ചപ്പെട്ട പരിഗണന കിട്ടുന്നു. ഇതങ്ങനെ വിട്ടാൽ പറ്റില്ല. നാളെ മുതൽ ഞാൻ പണി മുടക്കുന്നു.

പിറ്റേന്ന് പേന പണി മുടക്കി. മുനയിലേക്ക് മഷി നൽകാതെ അവൻ പ്രതിഷേധിച്ചു. എഴുത്തുകാരൻ എത്ര ശ്രമിച്ചിട്ടും എഴുതാൻ കഴിഞ്ഞില്ല. അയാളുടെ ഉള്ളിൽ തിങ്ങി നിറഞ്ഞ ആശയങ്ങൾ പുറത്തേക്കൊഴുകാൻ തിരക്ക് കൂട്ടി. ഗത്യന്തരമില്ലാതെ അയാൾ മേശക്കുള്ളിൽ നിന്നും മറ്റൊരു പേന എടുത്ത് എഴുത്ത് തുടങ്ങി.
പാവം പഴയ പേന എന്തോ പറയാൻ ശ്രമിച്ചു.തനിക്ക് എഴുത്തുകാരന്റെ  സഹായമില്ലാതെ ഒന്ന് മിണ്ടാൻ പോലും പറ്റില്ലെന്ന് ഒരു ഞെട്ടലോടെ അവൻ തിരിച്ചറിഞ്ഞു. ഇത് തനിക്കറിയാമായിരുന്ന, എന്നാൽ മറന്നു പോയ സത്യം.

സത്യത്തിന്റെ ശക്തിയും,കുളിർമ്മയുള്ള പ്രകാശം പേനയുടെ ബുദ്ധിയെ മറച്ചിരുന്ന അജ്ഞാനത്തെ ഇല്ലാതാക്കി. ബോധോദയം വന്ന അവൻ തെളിവോടെ ചിന്തിക്കാൻ തുടങ്ങി.

 താനും കടലാസും മഷിയും എല്ലാം ഒരു സാഹിത്യ സൃഷ്ടിയിൽ ഒരേ പോലെ പങ്കു വഹിക്കുന്നവരാണെന്നും വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരും ഒന്നായി നിന്ന് പ്രവർത്തിക്കുമ്പോൾ ആണ് ഒരു അനശ്വര സൃഷ്ടി പിറക്കുന്നതെന്നും അവൻ തിരിച്ചറിഞ്ഞു. തന്റെ ഉടമയും ഈ ശൃംഖലയിലെ  ഒരു കണ്ണി മാത്രം ആണ്. തങ്ങളിലൂടെ ഒഴുകി ഇറങ്ങുന്ന സാഹിത്യം എന്താണെന്നു അവൻ ചിന്തിച്ചു. താൻ ഇത് വരെ അത് കണ്ടിട്ടില്ലല്ലോ. രൂപമോ മണമോ നിറമോ ഇല്ലാത്ത എന്തോ ഒന്ന്. തങ്ങളെ എല്ലാം ഒന്നിച്ചു നിർത്തുന്ന, എന്നാൽ തങ്ങളിൽ നിന്നെല്ലാം വേറിട്ട്‌ നിൽക്കുന്ന ഒന്ന്. തങ്ങൾക്കെല്ലാം നിലനില്പ് നല്കുന്ന, തങ്ങളിലൂടെ ഒഴുകിക്കൊണ്ടിരുന്ന ഈ സർവ സാധാരണമായ സംഗതി, ആരും കണ്ടിട്ടോ കേട്ടിട്ടോ ഇല്ലെന്ന്  പേന അത്ഭുതത്തോടെ ഓർത്തു. ആർക്കും നിർവചിക്കാൻ സാധിക്കാത്ത അതിനെ അജ്ഞാനം അകന്ന, പ്രശാന്തമായ മനസ്സിൽ ധ്യാനത്തിലൂടെ പേന അനുഭവിച്ചു.

ബുദ്ധനായി മാറിയ പേന ഇപ്പോൾ വീണ്ടും സന്തുഷ്ടനാണ്. ശാന്തിയും ആനന്ദവും അറിവും തീർത്ത പ്രഭാവലയം അവന് ചുറ്റുമുണ്ട്‌. പ്രപഞ്ച സൃഷ്ടിയിൽ തന്റെ രണ്ടാമൂഴത്തിനായി അവൻ കാത്തിരിക്കുന്നു.



Pen picture created by Starline - Freepik.com